മാധ്യമങ്ങളിലെ പുതു തലമുറയും,മറവി ബാധിച്ചു എവിടെയോ മറന്നുവെച്ച ആ പഴയ തലമുറയും

നരച്ച തലമുടി ഉള്ള അച്ഛനെ പുറത്തു കൊണ്ടുപോകാൻ മക്കൾക്ക്‌ നാണക്കേടാണത്രെ,കാലാവസ്ഥ വ്യതിയാനം പോലെ മനുഷ്യന്റെ ചിന്തകളും കാഴ്ചപ്പാടുകളും വളരെ “പരസ്യമായി” മാറിക്കോണ്ടിരിക്കുന്നു.ആർക്കും മനസിലാവില്ല അച്ഛന്റെ മുടി നരച്ചതു അവർക്ക് വേണ്ടി കൂടി ആണെന്ന്.അധ്യാപകരെയും കുറ്റം പറയാൻ പാടില്ല,അധ്യാപികയെ പ്രണയിക്കുന്നതിൽ തെറ്റില്ല എന്ന് പറഞ്ഞ,കോപ്പി ചോദ്യം ചെയ്ത അധ്യാപികകയോട് ‘പോടീ’ എന്ന് അഭിസംബോധന ചെയ്യാൻ പഠിപ്പിച്ച,അധ്യാപികയുടെ ചെറിയ തെറ്റിനെ മദ്യം ആണെന്ന് വരുത്തി ക്ലാസ്സ്‌ മുറിയിൽ പരസ്യമായി ബ്രാൻഡ് ഏതാണ് എന്ന് ചോദിക്കാൻ മടിക്കാത,യുവത്വതെ തുറന്നു കാണിച്ച സിനിമകളിൽ,അതിന്റെ സംവിധായകന്റെ ചിത്രത്തിന്റെ യാഥാർഥ്യ ബോധത്തിൽ വിശ്വസിച്ചു മാതൃക ആക്കിയ പുതു തലമുറയാണ് ഇന്നത്തെ മുതൽക്കൂട്ട്..പരീക്ഷ പേടി മൂലം ആത്മഹത്യാ കൂടുന്നതിനാൽ പരീക്ഷകൾ ലഖുവാക്കണം,പറ്റിയാൽ അങ് ഒഴിവാക്കണം,അങ്ങനെ ഒരു പിണ്ടിയെ വാർത്തെടുക്കണം…കഴിഞ്ഞ ദിവസം നമ്മുടെ കേരളത്തിൽ ഒരു കുട്ടി ആത്മഹത്യാ ചെയ്തു,ക്ലാസ്സിൽ മനപ്പൂർവ്വം തോല്പിച്ചതാണത്രേ.നമ്മുടെ നാട്ടിൽ പല സ്ഥലങ്ങളിലും 8ക്ലാസ്സ്‌ വരെ എല്ലാവരെയും ജയിപ്പിക്കാറുണ്ട്ന്ന് പരസ്യമായ രഹസ്യമാണ്.ഒരു സംശയം ചോദിക്കട്ടെ,നിങ്ങളുടെ കുട്ടികളെ 100%വിജയമുള്ള സ്കൂളിൽ ചേർക്കുമോ,അതോ വിജയ ശതമാനം കുറവുള്ള സ്കൂളിലോ?ഇന്നിൽ ഉത്തരം വളരെ ലളിതം…അതുകൊണ്ട് ശതമാനം പൂർത്തിയാക്കിയാലേ കുട്ടികളെ കിട്ടു..വെയിലത്ത്‌ വാടുന്ന ഒരു തലമുറയെ സൃഷ്ടിച്ചത് ഈ സമൂഹം തന്നെയാണ്,ഓരോ ആത്മഹത്യക്കും ഉത്തരവാദികൾ ഈ സമൂഹത്തിലെ ഓരോരുത്തരുമാണ്..പരീക്ഷയിൽ വാങ്ങുന്ന മാർക്ക്‌ മാത്രമാണ് ജീവിത വിജയം എന്നും,മറ്റുള്ളവരുടെ മുൻപിൽ അത് യശ്ശസ്സ് തന്നെ ആണെന്ന് കരുതുന്ന ഓരോ മാതാപിതാക്കളും,സിലബസിൽ ഉള്ള വിവരങ്ങൾ അരച്ചെടുത്ത്‌ സ്പൂണിൽ കോരി ചുണ്ടിൽ വച്ചുകൊടുക്കുന്നതാണ് അധ്യാപനം എന്ന് കരുതുന്ന ഗുരുക്കന്മാരും,പണമാണ് വലുതെന്നു കരുതുന്ന മാനേജ്‍മെന്റും,ആണ് ഇങ്ങനെ ഒരു ജനറേഷനെ സൃഷ്ടിക്കുന്നത്.അതിനു തകർക്കേണ്ടത് സ്കൂളോ,വാഹനങ്ങളോ അല്ല,മനോഭാവമാണ്.തച്ചുടച്ചു വാർത്തെടുക്കണം,തീയിൽ കുരുപ്പിച്ചു തന്നെ എടുക്കണം.ചൂരൽ വേണ്ടിടത് ചൂരലാണ് വേണ്ടത്,അവിടെ പോക്സോ അല്ല.പേരിൽ കുറേ ഡിഗ്രീകളോ,പരീക്ഷകളിലെ വലിയ മാർക്കുകളോ ഉള്ള ബ്രോയ്ലർ കോഴികൾ സൃഷ്ടിക്കപെടുന്നതിൽ എന്താണർത്ഥം..അവർ പറക്കട്ടെ,അവരുടെ സ്വപ്നങ്ങളിൽ,പക്ഷെ ഒരു കടിഞ്ഞാൺ കൈയിൽ ഉണ്ടാവണം എന്നുമാത്രം,എപ്പോഴും ചിറകിന്റെ അടിയിൽ വെച്ച് താലോലിക്കാതെ അവർക്കവരുടേതായ തീരുമാനങ്ങൾ എടുക്കാൻ പഠിപ്പിക്കണം.അവർക്ക് വേണ്ടത് വലിയ മൊബൈൽ ഫോണുകളോ,താഴ്ത്തി പിടിച്ച തലകളോ അല്ല,മറിച്ചു ഒരു നല്ല മനുഷ്യനാവുക എന്നതാണ്.അത് ആക്കി തീർക്കണം,മറിച്ചു ഭാവിയിൽ വിഷാദരോഗികളോ,ആന്റി സോഷ്യൽ ജനതകളോ ഉണ്ടായാൽ അതിന്റെ ഉത്തരവാദികൾ ചിന്തിക്കാൻ മറന്നു പോയ ഈ തലമുറ തന്നെയാണ്.ചിന്തിപ്പിക്കാൻ അനുഭവം ഉള്ളവർ നാലു ചുവരിനുള്ളിലോ,കടത്തിണ്ണകളിലോ വിശ്രമിക്കുന്നു,മനുഷ്യന്റെ തീന്മേശയിൽ ഇരുന്നു നായ്ക്കൾ ഭക്ഷിക്കുന്നു.യഥാർത്ഥ ഗുരുക്കൾ നിറഞ്ഞ കണ്ണുകളോടെ പടിയിറങ്ങി തുടങ്ങിയിരിക്കുന്നു,അക്ഷരങ്ങൾ മറന്ന,മണ്ണിനെ മറന്നവർ മുന്നേറിക്കൊണ്ടിരിക്കുന്നു.

അബു പർവത നിരകൾ,ഒരു സ്വപ്ന യാത്ര.

അബു പർവത നിരയിലേക്ക് ഒറ്റക്കൊരു യാത്ര.. രാജസ്ഥാനിൽ,ഗുജറാത്തിനോട് ചേർന്ന് കിടക്കുന്ന ഷിംല ഓഫ് രാജസ്ഥാൻ എന്ന ഓമന പേരിൽ അറിയപ്പെടുന്ന മൌണ്ട് അബു.രാജസ്ഥാനിലെ സിറോഹി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ മലനിര,സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 5650അടി ഉയരത്തിലാണ്.രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ വരുന്നത് മരുഭൂമിയും ഒട്ടകവും ആയിരിക്കാം,എന്നാൽ മൌണ്ട് അബു തികച്ചും വിഭിന്നമായ ഒരു അനുഭവമാണ് ഒരുക്കിയിരിക്കുന്നത്.പെട്ടന്നുള്ള,അധികം പ്ലാനിംഗ് ഇല്ലാതെയുള്ള ഒരു യാത്ര,അതായിരുന്നു മൌണ്ട് അബു തേടി ഉള്ള യാത്ര.ഹരിയാനയിലെ രേവാടി റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിനായി കാത്തിരിപ്പ്,അറിയില്ലാത്ത നാട്ടിലേക്ക്,അറിയാത്ത ഭാഷ സംസാരിക്കുന്ന നാട്ടിലേക്ക് ഒരു യാത്ര,തികച്ചും മനസിനെ ചെറുതായി ഇളക്കികൊണ്ടിരുന്നു എന്നത് സത്യം തന്നെ ആയിരുന്നു.ഡൽഹി യിൽ നിന്നും അഹമ്മദാബാദ് പോകുന്ന ആശ്രം എക്സ്പ്രസ്സ്,അതാണ് എന്റെ ലക്‌ഷ്യം,കാരണം അത് നേരിട്ട് എത്തും(മൌണ്ട് അബുവിന്റെ സമീപത്തുള്ള റെയിൽവേ അബു റോഡ്).ഏകദേശം 5:30 ഓടെ തീവണ്ടി എത്തിച്ചേർന്നു,ഭാഗ്യം എന്ന് പറയട്ടെ,അതിൽ ഒന്ന് കാലുകുത്താൻ തന്നെ നന്നേ കഷ്ടപ്പെട്ടു,നല്ല തിരക്കുള്ള പാതയാണ് ഇത് അതുകൊണ്ട് ഇത് പ്രതീക്ഷിച്ചതാണ്.ഒന്നും മോഷണം പോകരുതേ എന്നായിരുന്നു മനസ്സിൽ.ഒരു തരത്തിൽ ഉള്ളിൽ എത്തിച്ചേർന്നു,ചിലർ ഉള്ളിൽ നിലത്തു കിടക്കുന്നുണ്ട്,ചിലർ ഇരിക്കുന്നു,ഇരിപ്പിടങ്ങളിൽ അതിനു വഹിക്കാവുന്നതിലും അധികം ആളുകൾ ഇരിക്കുന്നുണ്ട്.യാത്ര മുൻപോട്ട് നീങ്ങുന്നു,അൽവാർ എത്തിയപ്പോൾ ഉള്ളിലേക്കു ഒന്ന് ശെരിക്കും കടന്നെത്താൻ പാറ്റി,എങ്കിലും ആശ്വാസം ഉണ്ടായില്ല.അങ്ങനെ ട്രെയിൻ ജയ്‌പൂർ എത്തി,ഏകദേശം മൂന്നര മണിക്കൂർ ശേഷം ഒരല്പം സ്ഥലം ഇരിക്കാൻ കിട്ടി,പക്ഷെ അത് നടുവേദന അല്ലാതെ വേറൊരു ആശ്വാസവും സമ്മാനിച്ചില്ല.അങ്ങനെ ഒരു മണിക്കൂറോളം താമസിച്ചെങ്കിലും 4:30ഓടെ അബു റോഡ് എത്തി.ട്രെയിൻ ഇറങ്ങിയപ്പോൾ ഒരു ആശ്വാസം,കുറച്ചു ശുദ്ധവായു ലഭിച്ചതിന്റെ സന്തോഷം,അതിലും സന്തോഷം കേട്ട് കേൾവി മാത്രമുള്ള,ചിത്രങ്ങളിൽ മാത്രം കണ്ട ആ സ്ഥലം,അതിനടുത്തു ഞാൻ,ആ വികാരം എന്റെ ക്ഷീണം മുഴുവനും മാറ്റി.അവിടെ നിന്നും ഒരു ഓംലറ്റ് കഴിച്ചു,തിരക്ക് കാരണം രാത്രി ഒന്നും കഴിച്ചിരുന്നില്ല.അവിടെ നിന്നും ബസ്‌സ്റ്റാണ്ടിലേക്ക് നാടക്കവുന്ന ദൂരമേ ഉള്ളു,അൽപനേരം നടന്നാൽ അബു റോഡ് ബസ്സ്റ്റാൻഡ് എത്താം ,അവിടെ നിന്നും പല സ്ഥലങ്ങളിലേക് ബസ് സർവീസ് ഉണ്ട്,നമുക്ക് പോകേണ്ട ബസ് ആ സമയത് ഇല്ല.അവിടെ നിന്നും ടിക്കറ്റ് എടുക്കണം,ബസിൽ കയറുന്നതിനു മുൻപേ.40രൂപ കൊടുത്തു ഞാനും ടിക്കറ്റ് എടുത്തു,ഏകദേശം ആറരയോടെ ബസ്സ് എത്തി,ഒരുപാട് ആൾകാർ ആ ബസ്സിനായി കാത്തിരിപ്പുണ്ടായിരുന്നു,ഞാനും കയറി ഒരു ജാലകത്തിനരികിലെ ഇരിപ്പിടം ഉറപ്പിച്ചു.അല്പനേരം കഴിഞ്ഞപ്പോൾ ബസ്സ് നീങ്ങി തുടങ്ങി,രാജസ്ഥാൻ റോഡിവെയ്‌സ്(ഗവണ്മെന്റ് ബസ്സ്)ആണ്.അങ്ങനെ ചുരം കയറി തുടങ്ങി.അട്ടപ്പാടി ചുരത്തെ അനുസ്മരിപ്പിക്കും വിധമുള്ള ചുരം,അത് കറങ്ങി കറങ്ങി മുകളിലേക്കു പോകുന്നു.നിദ്ര ഭാരവും,യാത്ര ക്ഷീണവും തെല്ലൊന്ന് വലച്ചു,അൽപനേരം ഒന്ന് മയങ്ങി.നല്ല യാത്ര,ചുവന്നു തുടുത്ത മലനിരകൾ,അതിനെ വാരിപ്പുണർന്നു പോകുന്ന വഴി,അതാണ് അബു ലേക്കുള്ള യാത്ര.അല്പം കഴിഞ്ഞപ്പോൾ മട്ടാകെ അങ്ങ് മാറി,ഉദയ സൂര്യന്റെ കിരണങ്ങൾ ഒരു വശ്യമായ സൗന്ദര്യം തന്നെ തന്നു,ക്ഷീണം മാറി ഉണരാൻ അത് തന്നെ ധാരാളമായിരുന്നു.ആ കിരണ ശലകങ്ങൾ മലകളിൽ തട്ടി പ്രതിഭലിക്കുന്നുണ്ടായിരുന്നു.അല്പം കൂടി ഉയരത്തിൽ എത്തിയപ്പോൾ അബു പർവതം ആളാകെ മാറി,ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന ഈന്തപ്പനകൾ,ഇളം കാറ്റിൽ തലയാട്ടി വരവേൽക്കുന്ന തണൽ മരങ്ങൾ,നൃത്തമാടുന്ന ചെടികളും,സൗന്ദര്യമൂറുന്ന പുഷ്പങ്ങളും,സംഗീതം പൊഴിക്കുന്ന പക്ഷികളും,എല്ലാം മനസിന്‌ കുളിർമ തന്നെ ആയിരുന്നു.പൂത്തുനിൽക്കുന്ന കണിക്കൊന്നകളും,വിടർന്ന കണ്ണി മാങ്ങയുമായി മാവുകളും,കണ്ണാടി പോലെ ജല സ്രോതസുകളും നമ്മുടെ നാടിനെ അനുസ്മരിപ്പിക്കുന്ന ഒന്ന് തന്നെ ആണ്,ചിലപ്പോൾ ഇത് നമ്മൾ കേട്ടിരിക്കുന്ന രാജസ്ഥാൻ എന്ന് തന്നെയോ എന്ന് തോന്നിപോകും.7:15 ഓടെ മൗണ്ട് അബു എത്തി,അവിടുന്നെങ്ങോട് അതൊരു ചോദ്യ ചിഹ്നമായിരുന്നു.ഒരു സുഹൃത്തു തന്ന അറിവിൽ,എന്റെ ഹിന്ദി കൂട്ടിച്ചേർത്തു അന്വേഷിച്ചപ്പോൾ അവിടെനിന്നും ബസ്സ് സർവീസ് ഉണ്ട്.മൗണ്ട് അബു ചുറ്റിക്കാണാൻ രാജസ്ഥാൻ റോഡ് വേസ് ബസ്സ് സർവീസ് ലഭ്യമാണ്,ഒരാൾക്ക് 100രൂപ നൽകിയാൽ ഒരു ദിവസം അബു ചുറ്റി കാണാം(പ്രൈവറ്റ് ഗൈഡ് ഉള്ളതുകൊണ്ട് ഗൈഡ് നു വേറെ പണം നൽകണം).ബസ്സ് ആദ്യ സർവീസ് തുടങ്ങുന്നത് രാവിലെ 9:30നാണു,അത് വരെ നമുക്ക് സമയമുണ്ട്,ഞാൻ ടിക്കറ്റ് എടുത്തിട്ട് നടക്കാൻ ഇറങ്ങി.മാർക്കറ്റ് ഒക്കെ തുറന്നു വരുന്നതേ ഉള്ളു,വാഹനങ്ങളും കുറവാണു.ഒരു അമ്പലത്തിനു ചേർന്നുള്ള ചെറിയ ഒരു കടയിൽ കയറി,പ്രഭാത ഭക്ഷണം ചെറിയ രീതിയിൽ കഴിക്കാനാണ്,ഒരു ആലു പൊറോട്ട വാങ്ങി.നോർത്ത് ഇൽ ഉള്ളവർ ഇങ്ങനെ ആണ്,നമ്മൾ പറയുമ്പോൾ ആണ് ഉണ്ടാക്കി തുടങ്ങുക,അല്പം സമയം എടുക്കും എങ്കിലും ചൂടോടെ കിട്ടും.പത്തു മിനിറ്റിനുള്ളിൽ എനിക്കുള്ള ആലുപൊറോട്ട എത്തി,കൂടെ ദഹിയും,അച്ചാറും(നമ്മുടെ ഉരുള കിഴങ്ങ് പുഴുങ്ങി ചേർത്തതാണു ആലു പൊറോട്ട),പറയാതെ വയ്യ നല്ല രുചി,പക്ഷെ വില പ്രതീക്ഷിച്ചതിലും കൂടി,സാരമില്ല.ഞാൻ മലയാളി ആണെന്നറിഞ്ഞപ്പോൾ കടക്കാരൻ അദ്ദേഹത്തിന്റെ മുറി ഇംഗ്ലീഷ് വെച്ചു എന്തൊക്കെയോ സംസാരിച്ചു,മനസിലായത് വെച്ച് ഞാനും-നമ്മുടെ നാക്കണല്ലോ ആയുധം.ഹിന്ദിയും,മാർവാടിയും,ഗുജറാത്തിയും ഭാഷകൾ അവിടെ കേൾക്കാം.അടുത്തുള്ള അമ്പലത്തിൽ നിന്നും കുപ്പിയിൽ തണുത്ത വെള്ളം ശേഖരിച്ചു,അല്പ നേരം അവരോടും കുശലം പറഞ്ഞു,എന്തായാലും കഴുത്തിലെ കൊന്ത അവർക്കൊരു പ്രശ്നമായിരുന്നില്ല.തിരിച്ചു മാർക്കറ്റ് വഴി ബസ്‌സ്റ്റാണ്ടിലേക്ക് നടന്നു,മാർക്കറ്റ് അപ്പോളും ഉണർന്നു തുടങ്ങിയതേ ഉള്ളു.ബസ്സ്റ്റാൻഡിൽ എത്തി കുറച്ചു നേരം മയങ്ങി,ഉണർന്നപ്പോഴേക്കും ബസ്സ് എത്തിയിരുന്നു,ബസ്സിൽ കയറി സീറ്റ് നമ്പർ നോക്കി,ഇരുന്നു.ജനാലക്കരികിൽ കിട്ടാത്തതിനാൽ അല്പം ദേഷ്യം തോന്നി.9:30നു തന്നെ ബസ്സ് യാത്ര തുടങ്ങി,ബസ്സ് നിറയെ സഞ്ചാരികൾ ഉണ്ടായിരുന്നു,എല്ലാവരും നോർത്ത് തന്നെ ആണ്,അവിടുത്തെ ഒരു പ്രൈവറ്റ് ഗൈഡും കൂടെ കൂടി.കുറച്ചു തമാശകൾ ചേർത്ത് അദ്ദേഹം മൗണ്ട് അബുവിന്റെ ചരിത്രം വിവരിച്ചു തരുന്നുണ്ടായിരുന്നു. ശങ്കർ മഠം(ശങ്കർ മത്)ആദ്യത്തെ സ്ഥലം,വഴിയിൽ ഉയർന്നു നിൽക്കുന്ന ശൂലം,അതിന്റെ കുറച്ചു മുൻപിലായി ഉയർന്നു നിൽക്കുന്ന ശിവ ലിംഗം,അതുൾപ്പെടുന്ന അമ്പലം,ചുറ്റും പുഷ്പങ്ങളും,ചെടികളും ആകെ നല്ല അന്തരീക്ഷം.പാത രക്ഷകൾ പുറത്തിട്ടു ദർശനത്തിനായി അകത്തെത്തി,അൽപനേരം പൂജ കർമങ്ങൾ ഭക്തിയോടെ കണ്ടിറങ്ങി,പടർന്നു നിന്ന വള്ളിച്ചെടികളിലെ പൂക്കളുടെ സൗന്ദര്യം അതൊന്നു വേറെ തന്നെയാണ്.അമ്പലത്തിലേക്കുള്ള പാതയുടെ ഇരു വശങ്ങളും വഴിയോര കച്ചവടക്കാർ കയ്യേറിയിരിക്കുന്നു,തൊപ്പിയും കളിക്കോപ്പുകളും അടക്കം,മുളകുപൊടി ഇട്ട മാങ്ങാ പൂളുകൾ വരെ അവർ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്,ചുമ്മാ അലസമായി ഒന്ന് നോക്കിയതല്ലാതെ ഒന്നും വാങ്ങിക്കാൻ തോന്നിയില്ല.സമയം അതിക്രമിച്ചതിനാൽ വേഗം വന്നു ബസ്സിൽ കയറി,അടുത്ത ലക്ഷ്യ സ്ഥാനത്തേക്കു യാത്രയായി.അർബുദ്ധാ ദേവി(ആധാർ ദേവി)ടെംപിൾ ആണ് അടുത്ത ലക്ഷ്യ സ്ഥാനം.യാത്രയിൽ മഠത്തിന്റെ ചരിത്രവും വിശ്വാസവും അദ്ദേഹം വിവരിക്കുന്നുണ്ടായിരുന്നു. അർബുദ ദേവി,അങ്ങ് മലമുകളിൽ സ്ഥിതി ചെയ്യുന്ന അമ്പലം,കുറച്ചു ദൂരം ബസ്സ് ഇറങ്ങി കാൽനടയായി വേണം അവിടെ എത്താൻ,ഗൈഡ് നിർദ്ദേശങ്ങൾ വിവരിച്ചു തന്നു.നടപ്പ് തുടങ്ങി,പാതയുടെ ഇരു വശങ്ങളിലും വഴിയോര കച്ചവടക്കാർ,ഉള്ളിലേക്ക് ചെല്ലുംതോറും പ്രസാദവും ദേവിരൂപവും വില്പനക്കുണ്ട്,ആരൊക്കെയോ വാങ്ങുന്നുണ്ട്,എന്റെ ലക്‌ഷ്യം മലമുകളിലെ ദേവി ആണ്,നടത്തം തുടർന്ന്,നല്ല ദൂരമുണ്ട്.സിമന്റു കൊണ്ട് പണിത നടക്കല്ലുകൾ പ്രയോജനകരം തന്നെ,ഏകദേശം 20മിനുട്ടോളം നടന്നാൽ എത്തിച്ചേരാം,പാത രക്ഷ അവിടെയും നിക്ഷിപ്തമാണ്,പുറത്തു വെച്ച് ഉള്ളിൽ കടന്നു ദേവിയെ കണ്ടു,അവിടെ മൊബൈൽ ഉപയോഗിക്കാൻ പാടില്ല,അവർ വാങ്ങി വെക്കും,ഇറങ്ങുമ്പോൾ തിരികെ തരും,ഗുഹക്കുള്ളിലൂടെ മുൻപോട്ട് പോയാൽ അമ്പലം മുഴുവൻ കാണാം,ചെറിയ വഴി ആണ്.അവിടെ സ്വാമിമാർ ഇരിപ്പുണ്ട്,ദക്ഷിണ നൽകിയാൽ ഭസ്‌മം നെറ്റിയിൽ തൊട്ട്,കുറച്ചു പ്രസാദവും തരും,ദക്ഷിണ ഇല്ലെങ്കിൽ ഇതൊന്നുമില്ല.അവിടെ അടുത്തടുത്തായി ഗുഹ ക്ഷേത്രങ്ങൾ എന്ന് പറയാൻ പറ്റുന്ന ചെറിയ അമ്പലങ്ങൾ ഉണ്ട്,അവ കണ്ട് തിരിച്ചിറങ്ങി,തിരിച്ചിറങ്ങൽ അല്പം ബുദ്ധിമുട്ടാണ്,കയറുന്നതായിരുന്നു എളുപ്പം.ഇറങ്ങി വന്നിട്ട് ചൂടോടെ ഒരു കാപ്പി വാങ്ങി കുടിച്ചു.ഗൈഡ് ന്റെ വക അടുത്ത പരീക്ഷണം,പലവിധ വസ്ത്രങ്ങൾ അവിടെ വാടകക്ക് കിട്ടും,20 രൂപ നൽകിയാൽ മതി.രാജാവിന്റെ ഒരെണ്ണം ഇട്ടുനോക്കി,കയ്യിൽ വാളും,തൊപ്പിയും ഒക്കെ ആയി ഒരു പോസ്സ് കൊടുത്തു,അദ്ദേഹത്തിന്റെ ക്യാമെറയിൽ ഒരു ഫോട്ടം അങ്ങ് കാച്ചി(ഇത് അവരുടെ കച്ചവടം ആണ്,ആ ഫോട്ടോ പ്രിന്റ് ചെയ്ത നമുക്ക് തരും അതിനു പണം ഈടാക്കും)എന്തായാലും ചിത്രം പകർത്തി,അവിടെ കണ്ട കടകളിൽ വില്പനക്ക് വെച്ചിരുന്ന സാധനങ്ങൾ നോക്കി നടന്നു.കുതിരസവാരിയും,കുതിരയുടെ മുകളിൽ ഇരുന്നു ഫോട്ടോ ഒക്കെ ഇവിടെ നടക്കും പക്ഷെ പൈസ.നല്ല നല്ല ചിത്രങ്ങളും പെയിന്റിങ്ങുകളും വിൽപനക്കായി ഉണ്ട്.100രൂപക്ക് മൂന്നെണ്ണം,നല്ല ചിത്രങ്ങൾ ഞാനും വാങ്ങി.പല വില്പന ശാലകളിലും രാജസ്ഥാന്റെ തനതായ ശൈലിയിൽ വേഷവിധാനം ആയിട്ടുള്ളവർ ആയിരുന്നു കച്ചവടക്കാർ,അത് ഒരു പ്രത്യേക സൗന്ദര്യം തന്നെ ആണ്,പ്രത്യേക തൊപ്പിവെച്ച പുരുഷന്മാരും,അവരുടെ വസ്ത്ര ശൈലിയും,ആഭരണങ്ങൾ അണിഞ്ഞ സ്ത്രീകളും എല്ലാം അവരുടെ സമ്പന്നമായ പൈതൃകത്തെ വിളിച്ചോതുന്നവയായിരുന്നു.വീണ്ടും ബസ്സിൽ,ഗൈഡിന്റെ തമാശകളും,കഥകളും,ചരിത്രാവതരണവുമൊക്കെ ആയിട്ട് അടുത്ത സ്ഥലത്തേക്ക്…അടുത്ത സ്ഥലം യൂണിവേഴ്സൽ പീസ് ഹാൾ ആണ്,സമാധാനത്തിന്റെ ഒരു കേന്ദ്രം.എല്ലാ മതങ്ങളും,ദൈവങ്ങളും ഒന്നെന്ന് പഠിപ്പിക്കുന്ന,ശാന്തമായ ഒരു ആശ്രമം.ബ്രാഹ്മകുമാരിസ് ന്റെ കീഴിൽ ഉള്ള ഒരു സ്ഥാപനം ആണിത്,അവർക്കു വേറെ യൂണിവേഴ്സിറ്റി,ആശ്രമം എല്ലാം ഉണ്ട്,അവരുടെ പ്രധാന വിഷയം തന്നെ സമാധാനം പ്രചരിപ്പിക്കലാണ്,നമുക് സ്വസ്ഥമായി ധ്യാനിക്കാൻ പറ്റിയ അന്തരീക്ഷമാണ്.എങ്ങും വെള്ള വസ്ത്ര ധാരികൾ.അവരോട് അൽപനേരം സംസാരിച്ചു,മനസിന് എന്തൊക്കെയോ തട്ടുന്ന പോലെ.അവരോട് യാത്ര പറഞ്ഞിറങ്ങി,ഒരിക്കൽ തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ.ഇനി അടുത്ത ലക്‌ഷ്യം തേടി യാത്ര തുടരണം.ഏകദേശം ഒരു മണി കഴിഞ്ഞിരിക്കുന്നു,വിശപ്പിന്റെ വിളി.അങ്ങനെ ഭക്ഷണം കഴിക്കാൻ കയറി.അത്യാവിശം വലുപ്പമുള്ള ഒരു ഭക്ഷണ ശാല,അവിടെ സൗത്ത് ഇന്ത്യൻ വിഭവങ്ങൾ വരെ ലഭിക്കും,ഒരു ഗുജറാത്തി ദാൽ പറഞ്ഞു,അതിന്റെ രുചി അറിയണമല്ലോ.നിർഭാഗ്യം ആയിരുന്നു,അത് കിട്ടിയില്ല,അങ്ങനെ പഞ്ചാബി ദാൽ വാങ്ങി.ഭക്ഷണം കഴിക്കുന്നിതിനിടിയിൽ സഹയാത്രികരിൽ ഒരാളെ പരിചയപ്പെട്ടു,ഡൽഹി പോലീസിൽ ആണ്,അദ്ദേഹം നമ്മുടെ കേരളത്തിൽ വന്നിട്ടുണ്ട്.അങ്ങനെ പഞ്ചാബി ദാൽ എത്തി,കുറച്ചു ചോറ്(ആ നാട്ടിലെ അരികൊണ്ടുള്ള)ചപ്പാത്തി,പനീർ,മറ്റു ചില കറികൾ,രുചി ഉണ്ടായിരുന്നു.ഭക്ഷണത്തിനു ശേഷം അടുത്ത സ്ഥലം തേടി ഇറങ്ങി.ദിൽവാര ടെംപ്ൾസ്,ജൈന വിശ്വാസികളുടെ പ്രാർത്ഥനാലയം.അതാണ് അടുത്ത സ്ഥാനം. 11നും 13നും സെഞ്ചുറി AD ക്കിടയിൽ വിമൽ ഷാഹ് നിർമിച്ച ജെയിൻ അമ്പലം ഡിസൈൻ ചെയ്തത് വസ്താപുൽ തെജ്പാലും ജെയിൻ ലായ്മനും ചേർന്നാണ്. തനി രാജസ്ഥാൻ മാർബ്ൾസിൽ നിർമിച്ച മന്ദിരം ലോകത്തിലെ തന്നെ ഭംഗിയുള്ള ജൈന തീർത്ഥാടന കേന്ദ്രമായി കരുതപ്പെടുന്നു.മാർബിളാൽ തീർത്ത അഞ്ചു സൗധങ്ങൾ ജൈന മത വിശ്വാസത്തിന്റെ പരിശുദ്ധമായ സ്ഥലങ്ങളായി കരുതപ്പെടുന്നു.പ്രധാന വിശ്വാസ കേന്ദ്രത്തിൽ പ്രവേശിക്കാൻ മൊബൈൽ,ചെരുപ്പ് മുതലായവ പുറത്തു സൂക്ഷിക്കാൻ ഏൽപ്പിക്കണം,അതിനായി പ്രത്യേക സജീകരണങ്ങൾ ഉണ്ട്,പത്തുരൂപ വീതം നൽകണം എന്നെ ഉള്ളു.അങ്ങനെ മാർബിളിൽ കൊത്തിയ വിശ്വാസ ശകലങ്ങൾ കണ്ണിനു എന്തോ ഒരു പ്രത്യേകത തന്നെ ആയിരുന്നു.അല്പ സമയം അവിടെ കൂടുതൽ ചിലവിട്ടു,കാരണം മാർബിളിൽ തീർത്ത സൗന്ദര്യം അത്രമാത്രം ഉണ്ടായിരുന്നു.അവിടെ നിന്നും പുറത്തേക്കിറങ്ങി,ഇനി അടുത്ത സ്ഥലത്തേക്ക്..അചലേശ്വർ ഗ്രാമവും അമ്പലവും അതാണ് അടുത്ത സ്ഥലം.ജൈന സ്ഥലത്തുനിന്നും കുറച്ചു ചുരം പാത കടന്നാൽ ഈ ഗ്രാമത്തിൽ എത്തിച്ചേരാം.ഉപേക്ഷിക്കപ്പെട്ട ഒരു കോട്ട ഇവിടെ കാണാം.ഇവിടുത്ത പ്രധാന ആകർഷണം അചലേശ്വർ ക്ഷേത്രമാണ്.ശിവന്റെ ഏറ്റവും വലിയ പ്രതിമ ആരാധിക്കപ്പെടുന്ന സ്ഥലമായ അചലേശ്വർ അമ്പലം ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ളതാണ്.അഞ്ചു വ്യത്യസ്ത തരത്തിലുള്ള ലോഹങ്ങൾ കൊണ്ട് നിർമിച്ച നന്ദി കാളയുടെ പ്രതിമയും ഇവിടെ മാത്രമുള്ള പ്രതിഷ്ഠയാണ്.ഇനി യാത്ര മൌണ്ട് അബുവിന്റെ ഏറ്റവും ഉയരങ്ങളിൽ ഒന്നിലേക്കാണ്,പട്ടാളക്കാരുടെ റഡാറിനോട് ചേർന്ന് കാറ്റിനെയും തണുപ്പിനെയും ആലിംഗനം ചെയ്ത് ഭക്തർക്ക് നനുത്ത കുളിർമയുള്ള അനുഗ്രഹം നൽകുന്ന ഗുരു ശിഖാർ അമ്പലത്തിലേക്ക്.ആയിരത്തി എഴുന്നൂറ്റി എഴുപത്തഞ്ചു മീറ്റർ(അയ്യായിരത്തി അറുന്നൂറ്റി അൻപത് അടി)ഉയരത്തിൽ സ്ഥിചെയ്യുന്ന ഈ അമ്പലത്തിനു സമീപത്തായി പട്ടാളക്കാരുടെ നിയന്ത്രിത പ്രദേശവുമുണ്ട്.അങ്ങോട്ട് പോകുന്ന വഴിക്ക് ഗുരു ശിഖാർ വ്യൂ പോയിന്റ്,മനോഹരമായ കുന്നിൻ മുകളിൽ നിന്നും അങ്ങ് ദൂരെ ഗുജറാത്തും,പാകിസ്ഥാൻ ബോർഡറും ഒക്കെ ഒരു ചെറിയ പൊട്ടുപോലെ കാണാം.അല്പസമയം അവിടെ നിന്നാൽ തിരിച്ചു പോരാൻ മനസ് സമ്മതിക്കില്ല,അത്രക്കാണ് ആ കുന്നിന്റെ സൗന്ദര്യം.അവിടെ നിന്നും ഏകദേശം പത്തു മിനിറ്റ് യാത്രചെയ്താൽ അമ്പലത്തിൽ എത്താം.താഴെ ബസ് നിർത്തി,ഇനി നടന്നു കയറണം.ഏകദേശം അരകിലോമീറ്റർ നടന്നുകയറണം.വഴി രണ്ടായി തിരിച്ചിരിക്കുന്നു,നല്ല തിരക്കുള്ളതിനാൽ ഒരെണ്ണം കയറാനും,മറ്റേത് ഇറങ്ങാനും.ഞാൻ കയറി തുടങ്ങി,വഴിക്കിരുവശവും വ്യാപാരികൾ കീഴടക്കിയിട്ടുണ്ട്,ചിത്രങ്ങളും വള ചാന്തുകളും മുതൽ പ്രസാദവും നേർച്ചയും വരെ ഇവിടെ ലഭിക്കും.നടന്നു മടുത്തു,കയറാനുള്ള വാശി സമ്മാനിച്ച് കാറ്റും കൂടെ ഉണ്ട്,ആ കാറ്റിനെന്നോടെന്തോ പൂർവ്വവൈരാഗ്യം ഉള്ളപോലെ എന്റെ താടിയും മുടിയും പിടിച്ചു വലിച്ചുകൊണ്ടേ ഇരുന്നു.ഒരു ചെറിയ റഡാറിനരികെ ഒരു അമ്പലം,ഉള്ളിൽ കയറി,ഇടുങ്ങിയ വഴിയിലുള്ള പടവുകൾ കയറാൻ പൂജാരി കൈകൊണ്ട് കാണിച്ചു,ഞാൻ അതിലെ കയറി,നന്നേ ചെറുതാണ്,കുത്തനെ ഉള്ള കയറ്റവും ഹാവു എത്തി.എല്ലായിടത്തും ചെരുപ്പ് പുറത്തുതന്നെ.നട കേറി ചെല്ലുന്നിടത് അല്പം വീതിയിൽ പ്രതിഷ്ഠകൾ,എല്ലാവരും തൊട്ടു വണങ്ങി,പൂജാരിയുടെ കൈയിൽനിന്നും മന്ത്രിച്ച ചരട് വാങ്ങാനുള്ള തിരക്കിലാണ്,ഞാൻ അതൊഴുവാക്കി താഴേക്കിറങ്ങി.മറ്റൊരു ഇടുങ്ങിയ വഴിയാണ് ഇറങ്ങാൻ,കയറാനായിരുന്നു പിന്നെയും എളുപ്പം.അവിടെയും പൂജ നടക്കുന്നു,അത് കണ്ടിട്ട് പുറത്തേക്കിറങ്ങി,ഇനിയും മുകളിലാണ് ഗുരു ശിഖാർ അമ്പലം.പുരാണങ്ങളിലും രാമായണത്തിലും ഉള്ള അത്രിയുടെ ഭാര്യയായ അനസൂയയ്ക്കും,വിഷ്ണുവിന്റെ അവതാരത്തിനും,ദത്തഗുരുവിനുമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന അമ്പലം, പീക്ക് ഓഫ് ഗുരു എന്നും വിളിക്കപ്പെടുന്നു.അവിടെയും ചിത്രങ്ങൾ പകർത്താൻ പാടില്ല.ഭക്തിയോടെ തന്നെ ഉള്ളിൽ ചെന്ന് ദൈവങ്ങളെ കണ്ടു പുറത്തിറങ്ങി.ഇനി കയറിയത് മുഴുവനും തിരിച്ചിറങ്ങണം.ഒരു റോപ്പ് വേ ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ഒന്ന് ആഗ്രഹിച്ചു.താഴേക്ക് ഇറക്കം തുടങ്ങി,വാനരന്മാരും ചെറിയ ജീവികളും വഴിയോരങ്ങളിൽ നമ്മളെ കാണാനായിട്ട് വന്നിട്ടുണ്ട്.അവരെ കണ്ടു വർത്തമാനം പറഞ്ഞു താഴെ വന്നു,ഡിഫൻസ് പ്രതേശത്തു അൽപനേരം നിന്ന്,ഉള്ളിലേക്ക് പ്രവേശനമില്ല,ഉറങ്ങാതെ,നമ്മുടെ നാടിനെകാക്കുന്ന ധീരന്മാരുടെ മണ്ണ്,അറിയാതെ തന്നെ അവിടെ നിൽകുമ്പോൾ മനസ്സിൽ ഒരുപാടു വീരകഥകൾ ഓർമ വരും.ഇനി കയറിയത് മുഴുവൻ ഇറങ്ങണം.അവിടുന്ന് സൂര്യാസ്തമയ പോയിന്റ് വരെ യാത്ര ഉള്ളു,അവരോടൊപ്പമുള്ള യാത്ര അവസാനിപ്പിച്ച് പകുതി വഴിയിൽ ഞാൻ ഇറങ്ങി,എന്റെ ലക്‌ഷ്യം ഒരു വലിയ വാനരൻ ഇരിക്കുന്ന വിധമുള്ള ടോഡ് റോയ്ക്ക് ആണ്.കുറച്ചധികം നടക്കാനുണ്ട്.ഏകദേശം 4കിലോമീറ്റർ നടന്നു,നക്കി തടാകത്തിനു സമീപത്തുകൂടി നടന്നാൽ മുകളിലേക്ക് ഒരു ഇടുങ്ങിയ വഴികാണാം,കായ്ച്ചു നിൽക്കുന്ന മാവും,മറ്റു വൃക്ഷലഗാദികളും മനസിന് നൽകുന്ന കുളിർമ തെല്ലൊന്നുമല്ല.അവിടെ സ്വാമി വിവേകാനന്ദൻ ധ്യാനിച്ചിരുന്ന ചെറിയൊരു ഗുഹ ഉണ്ട്,ഇപ്പോൾ അത് ചെറിയൊരു അമ്പലമാണ്.അവിടെ നിന്നും കുന്നു കയറിയാൽ ടോഡ് റോക്കിൽ എത്താം.അങ്ങനെ അവിടെ എത്തി.അവിടെ നിന്നാൽ തടാകം നന്നായി കാണാം,സൂര്യന്റെ രശ്മിയേറ്റു തിളങ്ങുന്ന തടാകത്തെ അകലെന്നു വീക്ഷിക്കുമ്പോൾ ഹ എന്തൊരു സുന്ദരിയാണ്.ഉറച്ചു നിൽക്കുന്ന ഒരു പാറ,ഒറ്റ നോട്ടത്തിൽ ഒരു വലിയ കരിംകുരങ്ങ് ഇരിക്കുന്നതായി തോന്നും,ചുറ്റും പാറ,അതിന്റെ നടുവിൽ ഈ ഒറ്റയാൻ.പുറകിലേക്ക് വനമാണ്.സമയം കുറവായതുകൊണ്ട് അവിടെനിന്നും നടന്നിറങ്ങി.ഇനി ഹണിമൂൺ പോയിന്റും,സൂര്യാസ്തമയ സ്ഥലവും കാണണം.പോകുന്ന വഴിയിലെല്ലാം ബ്രഹ്മ കുമാരി മഠത്തിലെ സന്യാസികളെ കാണാം.എല്ലാവരും വൈകിട്ടത്തെ നടത്തത്തിനു വന്നതാണ്.പോകുന്ന വഴിയിൽ രണ്ടു സന്യാസിനികൾ തടാകത്തിലെ മീനുകൾക്ക് തീറ്റ കൊടുക്കുന്നു.ഒരാൾ നോർത്ത് ഈസ്റ്റ് ഇൽ നിന്നുള്ള ആളാണ്.അവരോടൊപ്പം ഞാനും കൂടി.അവർക്കൊരു സംശയം,ഞാൻ സന്യാസി ആണോ,പണ്ഡിതാണോ എന്നൊക്കെ,കഴുത്തിലെ കൊന്ത കണ്ടിട്ടാവണം ഇപ്പോഴും ഉരുവിടുന്ന മാലയല്ലേ അതെന്ന് ചോദിച്ചത്.അല്ല ഞാൻ എല്ലാം കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അവർ ഒന്ന് ചിരിച്ചു,എനിക്കും കാര്യം മനസിലായി,എന്റെ താടിയും മുടിയുമാണ് പ്രശനം.ഈ യാത്രയിൽ തന്നെ ഇത് കൂടാതെ മൂന്നുപേർ ഇതേ ചോദ്യം ചോദിച്ചു.ഞാൻ ഒറ്റക്കാണ് വന്നതെന്ന് അറിഞ്ഞപ്പോൾ അവർക്കൊരു അത്ഭുതം,എന്തായാലും ഒരിക്കൽ അവരുടെ മഠത്തിൽ വരണം എന്ന് ക്ഷിണിച്ചിട്ടും,തീർച്ചയായും എന്ന് പറഞ്ഞു ചിരിച്ചിട്ട് ഞങ്ങൾ പിരിഞ്ഞു.നക്കി തടാകത്തിന്റെ അരികിലൂടെ തന്നെ മുൻപോട്ട് നടക്കണം.വഴിയിൽ പല ദൈവങ്ങളുടെ അമ്പലങ്ങൾ,കാട്ടിലേക്കുള്ള വഴി ഇതെല്ലം ഉണ്ട്,പക്ഷെ സമയം മാത്രം ഇല്ല,രാത്രി മല ഇറങ്ങണം,ഒരു സമയത്തിന് ശേഷം വാഹനം ലഭിക്കില്ല.നക്കി തടാകത്തിന്റെ തീരത്തുകൂടി നടന്നു,ഇനി വഴി മാറി നടക്കണം,സൂര്യസ്തമയത്തിനുള്ള സമയമായി,നല്ല തിരക്കായി.ഏകദേശം അര കിലോമീറ്റര് നടന്നാൽ എത്തിച്ചേരാം.കുറച്ചു പാറകൾ അതാണ് സൺസെറ്റ് പോയിന്റ്.ചെങ്കുത്തായ പാറക്കെട്ടിനു മുൻപിൽ വിസ്തൃതിയിൽ അങ്ങ് ദൂരേക്ക് നിരപ്പായ സ്ഥലങ്ങൾ,മുൻപിൽ അങ്ങ് ദൂരെ സൂര്യൻ മാത്രം.അവിടെ പല സ്ഥലങ്ങളായി പാറകൾ,എല്ലാത്തിനും ദശാബ്ദങ്ങൾ പഴക്കമുള്ള സൂര്യ അസ്തമയ ദർശനത്തിന്റെ കഥകൾ പറയുവാനുണ്ട്.അവിടെ നിന്നും ഹണിമൂൺ പോയിന്റ് ലക്ഷ്യമാക്കി നടന്നു,അവിടെ തട്ട് തട്ടായി പാറക്കെട്ട്,ഒരു പാട് പ്രണയങ്ങളുടെ കഥകൾ ഉറങ്ങുന്ന പാറക്കെട്ടും ചുംബനങ്ങൾ കണ്ടു നാണിച്ചു നിന്നുപോയ മരങ്ങളും ഒരു പ്രത്യേക വശ്യത നൽകുന്ന ഒന്നാണ്.ഇനി തിരിച്ചുള്ള നടത്തം.നക്കി തടാകത്തിന്റെ മറുവശം ചേർന്ന് നടന്നു,അവിടെ ഭാരതാംബയെ പൂജിക്കാൻ ഒരു കെട്ട് ഉണ്ട്.അപ്പോഴും വെള്ള വസ്ത്രധാരികൾ നടന്നുകൊണ്ടേ ഇരുന്നു.അവിടെ നിന്ന് സൂര്യാസ്തമയം കണ്ടു.നക്കി തടാകം ഇപ്പോൾ വളരെ സുന്ദരിയായിരിക്കുന്നു.അവൾ പ്രണയപരിവശയായി സൂര്യനെ പുൽകാൻ,ആലിംഗനത്തിനായി കൊതിയോടെ ഒരുങ്ങിക്കഴിഞ്ഞു.ഇപ്പോഴും തടാകത്തിൽ ബോട്ടിംഗ് നടക്കുന്നുണ്ട്.രാക്ഷസനായ ബാഷകലിയിൽ നിന്നും പുണ്യ തടാകത്തെ രക്ഷിക്കാൻ നിന്നിരുന്ന ദൈവമായ നഖ്‌(നെയിൽ)നിന്നുമാണ് ഈ പേര് വന്നതെന്ന് കഥ.അവിടെ നിന്നും ബസ്സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു,വഴിയിൽ മാർക്കറ്റ് ഉണ്ട്,പുരാതനമായ രാജസ്ഥാൻ വസ്ത്രം ധരിച്ചു,ഹുഡ്‌കയും വലിച്ചിരിക്കുന്ന പുരുഷന്മാരും,ആഭരണങ്ങൾ അണിഞ്ഞ സ്ത്രീകളും അടക്കം ചന്ത നല്ല തിരക്കിലാണ്.ഒരുപാടു സാധനങ്ങൾ വില്പനക്കായിട്ടുണ്ട്,വാങ്ങാനും കാണാനും സഞ്ചാരികൾ ഒരുപാടുണ്ട്.അവിടെ പട്ടാളക്കാരുടെ വക ആയുധ പ്രദർശനങ്ങളും,സ്റ്റാളുകളും ഉണ്ടായിരുന്നു.അത് പോയി കണ്ടു,പണ്ടത്തെ യുദ്ധങ്ങളും,അവർ സഹിച്ചവയും ചരിത്രമായി അവിടെ കണ്ടപ്പോൾ അറിയാതെ കണ്ണൊന്നു നനഞ്ഞു.അവരോട് അല്പം സംസാരിച്ചു പുറത്തു വന്നു,വിശക്കുന്നുണ്ട്.അവിടെ ഒരു വാഹനത്തിൽ 8രൂപ മാത്രം നൽകിയാൽ ഭക്ഷണം കിട്ടും,വയറു നിറച്ചു കഴിക്കാം.അത് രാവിലെയും ഉച്ചക്കും ഒക്കെ ഉണ്ടായിരുന്നത്രെ,എല്ലാ സ്ഥലത്തും ഉണ്ടായിരുന്നു,അറിയാൻ വൈകി.എന്തായാലും ഭക്ഷണ ശേഷം ബസ്‌സ്റ്റാന്റിലെത്തി,ഇനി 9നെ ബസ്സ് ഉള്ളു,അതും അവസാനത്തെ ട്രിപ്പ്.ഒരു ജീപ് കിട്ടി,50രൂപ ഉള്ളു.മുന്നിൽ തന്നെ ഇരുന്നു,കാഴ്ചകൾ കണ്ട് ചുരം ഇറങ്ങി.ഇടക്കൊന്നു തിരിഞ്ഞു നോക്കി,അങ്ങനൊന്നും മനസ്സിൽനിന്നും മായാത്ത ആ പർവത നിരയെ ഒന്നുകൂടെ.അപ്പോഴും അബു തല ഉയർത്തി തന്നെ നിന്നിരുന്നു.തിരിച്ചു അബുറോഡ് റയിൽവേ സ്റ്റേഷനിൽ എത്തിയിട്ടും പോകാൻ സമ്മതിക്കാതെ അബുവിന്റെ സൗന്ദര്യം പിടിച്ചുലക്കുന്നുണ്ടായിരുന്നു.

Ajeesh & Lijo talking about stuff

Hello world! This is a hobby blog run by Ajeesh and Lijo. We will write here as interesting thoughts come along. We don’t plan to update it everyday. Still we will try to write high quality articles. Ajeesh will be writing poems and travelogues especially in Malayalam. He is interested in poetry, social issues, psychology, philosophy, traveling and his beard(Thus the name thaadikaran.com). Lijo is interested in philosophy, physics, art, computers and games. That’s it!